പരീക്ഷ വൈകിയത് മണിക്കൂറുകളോളം
കൊല്ലം: നീറ്റ് പിജി പ്രവേശന പരീക്ഷാ കേന്ദ്രത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പരീക്ഷ മണിക്കൂറുകളോളം വൈകി. കംപ്യൂട്ടറുകള്‍ പണിമുടക്കിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വലഞ്ഞു. വൈദ്യുതി തകരാറാണ് കാരണമെന്ന് പറയുന്നു. ജനറേറ്റര്‍ അടക്കമുള്ള ബദല്‍ സംവിധാനങ്ങളൊന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇന്നലെ രാവിലെ 9.30 ന് തുടങ്ങി 12.30ന് അവസാനിക്കേണ്ട പരീക്ഷ 2.30 നാണ് തീര്‍ന്നത്. കൊല്ലത്തെ സെന്ററില്‍ 100 ഓളം ഡോക്ടര്‍മാരാണ് പിജി എന്‍ട്രന്‍സ് എഴുതാന്‍ എത്തിയത്. കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലായി.
പരീക്ഷ വൈകിയതിലും ആവശ്യത്തിന് സമയം ലഭിക്കാത്തതിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷാ കേന്ദ്രത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തി. രക്ഷിതാക്കള്‍ രോഷാകുലരായതിനെ തുടര്‍ന്ന് ശക്തമായ പോലിസ് സന്നാഹം ഏര്‍പ്പെടുത്തി.
നീറ്റ് പുനഃപരീക്ഷകള്‍ക്ക് മുന്നോടിയായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സാങ്കേതിക തടസങ്ങള്‍ നേരിട്ടതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാതെ വന്നിരുന്നു. വീഴ്ച തുടര്‍ക്കഥയാണെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം.
ഇത്തരം സാങ്കേതിക തകരാറുകളും പരിശോധന വൈകുന്നതും പരീക്ഷാ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുകയാണെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആരോ പിച്ചു.